News

മലയാളമനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിന്
ഡി വൈ എഫ് ഐ സംസ്ഥാനകമ്മിറ്റിയുടെ തുറന്ന കത്ത്‌
To
ശ്രീ. കെ എം മാത്യൂ
ചീഫ് എഡിറ്റര്‍
മലയാള മനോരമ


സര്‍,
വിഷയം: ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഏറ്റെടുത്ത പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങളെ ബോധപൂര്‍വ്വം ഇകഴ്ത്തിക്കാണിക്കാന്‍ മനോരമ തെറ്റായവാര്‍ത്ത നല്കിയത് തിരുത്തണമെന്നാവശ്യപ്പെട്ട്:-

മാധ്യമപ്രവര്‍ത്തനരംഗത്തെ അനഭിലഷണീയ പ്രവണതകളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് 2010 ജൂണ്‍ 08 ലെ മലയാളമനോരമപത്രത്തില്‍ 'ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം' പരിപാടിയെ സംബന്ധിച്ചു വന്ന വാര്‍ത്ത. പേനയിലൂടെ പിറവിയെടുക്കുന്ന വാര്‍ത്ത ഭാവനാസൃഷ്ടി മാത്രമാണെന്ന് തെളിയിക്കുന്നതാണത്. ലേഖകന്റെ (റിപ്പോര്‍ട്ടറുടെ) സൃഷ്ടിയോ, മാനേജ്‌മെന്റിന്റെ ഇംഗിതത്തിനൊപ്പിച്ചരചനയോ ഏതായാലും പരിസ്ഥിതി സംരക്ഷണങ്ങളോട് മനോരമ പുലര്‍ത്തുന്നുവെന്നവകാശപ്പെടുന്ന ആഭിമുഖ്യത്തിന്റെ എതിര്‍ധ്രുവത്തിലാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് വായനക്കാരെ അത് ബോധ്യപ്പെടുത്തുന്നു.

പരിസ്ഥിതി പ്രവര്‍ത്തനം എക്കാലത്തും ഡിവൈഎഫ്‌ഐ സംഘടനാപ്രവര്‍ത്തനത്തിലെ പ്രധാനദൗത്യമായിരുന്നു. ഇന്റര്‍നാഷണല്‍ പാനല്‍ ഫോര്‍ ക്ലൈമറ്റ്‌ചെയ്ഞ്ചിന്റെ നിഗമനങ്ങളും, നമുക്കുതന്നെ അനുഭവവേദ്യമായ കാലാവസ്ഥാവ്യതിയാനങ്ങളും ഊര്‍ജിതമായ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളെ പ്രേരിപ്പിച്ചു. 2010 ജനുവരിയില്‍ തിരുവനന്തപുരത്തുനടന്ന ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം അവതരിപ്പിച്ചംഗീകരിച്ച പ്രമേയത്തിന്റെ ആവിഷ്‌ക്കാരംകൂടിയാണിത്. രണ്ടുമാസക്കാലം മുമ്പ് യൂണിറ്റ് കമ്മിറ്റികള്‍ വരെ സംഘടനാപരമായി സജ്ജമാക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്തുകൊണ്ടാണ് ഈ ദൗത്യം ഏറ്റെടുത്തത്. അതിന്റെ തുടര്‍ച്ചയിലാണ് ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ഹരിതദിനമായി ആചരിച്ചതും. അന്നേദിവസം ഒരു യൂണിറ്റ് കമ്മിറ്റി കുറഞ്ഞത് പത്തുവൃക്ഷതൈകളെങ്കിലും വച്ചുപിടിപ്പിക്കുമെന്ന് തീരുമാനിക്കുകയും ഒരു മാസം മുമ്പുതന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണങ്ങള്‍ മനസിലാക്കാനും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാനുമായി ഒരു ബ്ലോഗ് www.dyfi-saveearth.blogspot.com എന്ന വിലാസത്തില്‍ ആരംഭിക്കുകയും ചെയ്തു. പോസ്റ്ററുകളും, ആഗോളതാപനത്തെ സംബന്ധിച്ച ശാസ്ത്രീയവസ്തുതകളടങ്ങിയ ലഘുലേഖകളുമുള്‍പ്പെടെ തയ്യാറാക്കി യൂണിറ്റുഘടകങ്ങള്‍വരെ എത്തിച്ചു. ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയില്‍ പരിസ്ഥിതിസംബന്ധമായ ലേഖനങ്ങള്‍വഴി പ്രവര്‍ത്തകര്‍ക്ക് വ്യക്തതവരുത്തി. ഈ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ജൂണ്‍ 5 ഹരിതദിനമായി ആചരിച്ചത്. എന്നാല്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചതിനപ്പുറം നാലുലക്ഷത്തോളം വൃക്ഷതൈകളാണ് കേരളത്തിലാകമാനം വച്ചുപിടിപ്പിയ്ക്കാനായത്. വനംവകുപ്പില്‍നിന്നുമാത്രമായി 183410 (കാസര്‍ഗോഡ്: 10000, കണ്ണൂര്‍: 15000, കോഴിക്കോട്: 23350, വയനാട്: 2000, മലപ്പുറം: 17500, പാലക്കാട്: 15000, തൃശ്ശൂര്‍: 16500, എറണാകുളം: 15500, ഇടുക്കി: 2460, കോട്ടയം: 12000, ആലപ്പുഴ: 10000, പത്തനംതിട്ട: 8000, കൊല്ലം: 15100, തിരുവനന്തപുരം: 21000) വൃക്ഷതൈകള്‍ 50 പൈസാനിരക്കില്‍ വാങ്ങിച്ചിരുന്നു. വിവിധ സ്വകാര്യ ഏജന്‍സികളിലൂടേയും, ചില പ്രദേശങ്ങളില്‍ നേഴ്‌സറികള്‍ ആരംഭിച്ച് ഉല്പാദിപ്പിച്ച തൈകളുമുള്‍പ്പെടെ 205090 വൃക്ഷതൈകള്‍ ഇതുകൂടാതേയും നട്ടുപിടിപ്പിച്ചു. ജൂണ്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഇതിലുമധികം വൃക്ഷതൈകള്‍ നട്ടുപിടിപ്പിയ്ക്കും.
പക്ഷപാതിത്വവും മുന്‍വിധിയുംബാധ്യതയാകാത്ത മനസ്സുള്ള ഏതൊരാള്‍ക്കും ബോധ്യമാകുന്ന വസ്തുതയാണിത്. നേരിട്ട് പരിശോധിച്ച് ഈ വസ്തുത ആവര്‍ത്തിച്ചുറപ്പിയ്ക്കാനും സാധിക്കും. എന്നിട്ടുമെന്തുകൊണ്ടാണ് പരിസ്ഥിതിപ്രവര്‍ത്തനത്തെപ്പോലും വൈരനിര്യാതനസമീപത്തോടെ മനോരമ കാണുന്നത് എന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. ഇതരയുവജനസംഘടനകളും അരാഷ്ട്രീയത അലങ്കാരമാക്കുന്നവരുംപോലും അംഗീകരിച്ച പ്രവര്‍ത്തനത്തെ അപഹസിയ്ക്കുവാന്‍ മനോരമ തയ്യാറായത് അതീവവേദനാജനകമാണ്. കഷണ്ടിയ്‌ക്കൊപ്പം ചികിത്സയില്ലാത്ത എന്തോ ഒന്ന് ബാധിച്ചത് ലേഖകനുമാത്രമാണോ എന്നറിയാന്‍ ആകാംക്ഷയുണ്ട്. മലയാളമനോരമ പരിസ്ഥിതിദിനത്തില്‍ നട്ടുപിടിപ്പിച്ച വൃക്ഷതൈകളുടെ കണക്കുകള്‍ പത്രപ്പരസ്യത്തിലൂടെ അറിയിച്ചപ്പോള്‍, കണക്കുകള്‍ക്കപ്പുറം ഒരുതൈ എങ്കില്‍ ഒരുതൈ എന്ന് വിശ്വസിയ്ക്കാനും ആശ്വസിക്കാനും തയ്യാറായ സംഘടനയാണ് ഡിവൈഎഫ്‌ഐ എന്നുകൂടി വിനയപൂര്‍വ്വം അറിയിക്കട്ടെ. 'ക്യാബിനു'കള്‍ക്കകത്തും 'ഡസ്‌ക്കു'കളിലും പിറക്കുന്ന പരസ്യങ്ങളല്ല, യൂണിറ്റുതലം വരെ വിന്ന്യസിക്കപ്പെട്ട സംഘടനാഘടകങ്ങളിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത് എന്ന് ജനങ്ങള്‍ അറിയുകയും സ്വീകരിക്കുകയും ചെയ്യുമെന്നത് ഞങ്ങളെ സംതൃപ്തരാക്കുന്നു.


അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറം മാനവരാശിയെബാധിക്കുന്ന ഒരു പ്രധാനപ്രശ്‌നത്തെ മനോരമ ഇങ്ങനെ സമീപിച്ചതില്‍ ഞങ്ങള്‍ക്ക് അഗാധമായ ദു:ഖമുണ്ട്. പരസ്പരം പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും വളര്‍ത്തിയെടുക്കേണ്ടൊരു മഹായജ്ഞത്തെ സങ്കുചിതമായൊരര്‍ത്ഥത്തില്‍ പരിമിതപ്പെടുത്താന്‍ മനോരമ നടത്തിയ ശ്രമം പരിഹാസ്യമാംവിധം പാളിപ്പോയെന്ന് ദയവായി അറിയുക. ആ ശ്രമത്തിലൂടെ മാധ്യമധര്‍മ്മത്തെ ദുരുപയോഗം ചെയ്യുകയാണ് മലയാള മനോരമ ചെയ്തതെന്നുകൂടി വിനയപൂര്‍വ്വം ഓര്‍മ്മിപ്പിയ്ക്കുന്നു; തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സ്‌നേഹാദരങ്ങളോടെ,


ടി വി രാജേഷ്
സെക്രട്ടറി
------------------------------------------------------------------------------------------------


ഉദ്ഘാടനം

0 comments:

Post a Comment