Testimonials

ഒരു തൈ നടുമ്പോള്‍ - ഒ എന്‍ വി




************************************************************


Dr RVG Menon


May I congratulate DYFI for starting a "Green Day" campaign with the objective of calling attention to the importance of conserving the environment. I hope the campaign will have two aspects: one to bring out the scientific details of what is happening to our environment and the role of the so-called developed nations in this wanton destruction. The other aspect is what we, as individuals and organizations, can do at the local level, to counter this. This should of course include campaigns for energy conservation, emphasizing public transport, tree planting and protection of forest and wetlands, etc. But it should also address the more basic question: what is development, and what ought to be our development priorities.

The fact that an organization like DYFI has taken the initiative in this issue is a salutary development and I hope it will turn out to be a watershed in the environmental movement.
I wish the campaign all success.






************************************************************




മുരുകന്‍ കാട്ടാക്കട



മാനത്തുനോക്കൂ കറുത്തിരിക്കുന്നു
കാര്‍മേഘമല്ല കരിംപുകച്ചുരുളുകള്‍
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നു
പിച്ചിയല്ല വിഷംതിന്ന തെച്ചി

ഇനിയും ബാക്കിയാകുന്ന തെച്ചികള്‍ക്കെങ്കിലും വിഷം തീണ്ടാതിരിക്കാന്‍ നമുക്ക് മുന്‍കൈയ്യെടുക്കാം. 'ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഏറ്റെടുക്കുന്ന വിപുലമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നു.


************************************************************

ജോണ്‍ ബ്രിട്ടാസ്
കൈരളി ടി വി


പ്രകൃതിയേയും പരിസ്ഥിതിയേയും അതുവഴി ഭൂമിയേയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആദ്യം തുടങ്ങേണ്ടത് നമ്മുടെ മനസ്സിലാണ്. സമൂഹത്തില്‍ ഒരു പരിസ്ഥിതി കോടതി ഉണ്ടാവുകയാണെങ്കില്‍ പ്രതിക്കൂട്ടില്‍ കയറേണ്ടവരാണ് നമ്മള്‍ ഓരോരുത്തരും. നമ്മള്‍ കടംകൊണ്ടപ്രകൃതിയെ അതിന്റെ എല്ലാ സൗഭാഗ്യ-സൗരഭ്യത്തോടെയും വരും തലമുറക്ക് കൈമാറേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. നമുക്ക് അവകാശമായി കിട്ടിയതാണെന്ന ധാരണയിലുള്ള ചൂഷണമാണ് സമസ്ത തലങ്ങളിലും നടക്കുന്നത്. ലളിതമായ മുദ്രാവാക്യങ്ങളിലൂടെ ഓരോരുത്തര്‍ക്കും പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞാബദ്ധമായ പങ്കാളിത്തം വഹിക്കാന്‍ കഴിയും. ടാപ്പ് തുറക്കുമ്പോള്‍ കളയുന്ന വെള്ളത്തിന്റെ അളവില്‍ കുറവു വരുത്തുമെന്ന് മാത്രം ചിന്തിച്ചാല്‍ വലിയൊരു മാറ്റമായിരിക്കും അത് പരിസ്ഥിതിക്ക് ഉണ്ടാക്കിക്കൊടുക്കുക. പലതുള്ളി പെരുവെള്ളം എന്നതുപോലെ കൊച്ചു കൊച്ചു പ്രതിജ്ഞകളാണ് മഹാത്ഭുതങ്ങള്‍ക്ക് നാന്ദി കുറിക്കുന്നത്. മനസ്സില്‍ തുടങ്ങട്ടെ നമ്മുടെ പരിസ്ഥിതി സ്‌നേഹം, തുടര്‍ന്ന് നമ്മുടെ വീട്ടിലും.


************************************************************
ഒരു പുതു ലോകം വരട്ടെ... ഇന്ദുമേനോന്‍

ദീര്‍ഘനാളത്തെ അലച്ചിലിനും അന്യദേശത്തെ കടുത്തചൂടിനും കൊടുംതണുപ്പിനും വേപ്പിലമണക്കുന്ന ഉഷ്ണക്കാറ്റിനും പൂവാഗകളുടെ ചുവപ്പന്‍ നട്ടുച്ചകള്‍ക്കും കടലോരവക്കില്‍ ഫ്രഞ്ച് മാതൃകകളില്‍ നിര്‍മ്മിച്ച ഹോട്ടലിന്റെ മട്ടുപ്പാവിലിരുന്നുകണ്ട അസ്തമയസന്ധ്യകള്‍ക്കുംശേഷം വീട്ടില്‍ അമ്മവിരിച്ചിട്ട കഞ്ഞിപ്പശരസയുരസലുകളുള്ള കട്ടിലില്‍ എന്റെ ചെറിയ പെണ്‍കുഞ്ഞൊപ്പം ഉറങ്ങിയ ദീര്‍ഘമായ ഒരു രാത്രിയായിരുന്നു ഇന്നലെ. മയക്കം നീണ്ടുനീണ്ട് വെയില്‍വീണുപൊള്ളുന്ന ഒമ്പതരയിലേക്കും അവിടുന്ന് പത്തിലേക്കും എത്താനായുമ്പോള്‍ പാതിയുറക്കത്തില്‍ ഒരുശബ്ദം, ടക് ടക്ക് ടക് ടക്ക്. ഒരു കാളവണ്ടിയുരുളുംപോലെയോ, ടാറിട്ടറോഡില്‍ കുളമ്പടിച്ച് ലോഹയൊച്ചയുണ്ടാക്കുന്ന നാല്ക്കാലിസഞ്ചാരംപോലെയോ ആയിരുന്നു അത്. ഉറക്കം വിട്ടുതുടങ്ങിയ നിമിഷത്തിലാണ് വലിയ ശബ്ദത്തോടെ അത് വീഴുന്ന ശബ്ദം ഞാന്‍ കേട്ടത്. ഞാന്‍ ചാടിയെഴുന്നേറ്റു. മണ്ണില്‍ നിന്നും വേരറുന്നുപോകുന്നതിന്റെ ശബ്ദം. എത്രമാത്രം വേദനാകരവും ആസ്വസ്തഭരിതവുമാണത്. ജാലകക്കാഴ്ചയില്‍ കണ്ടു മൂന്നുതെങ്ങുകള്‍ ഒരു വരിക്കപ്ലാവ്. പറമ്പില്‍ അവയുടെ ഉടല്‍പ്പശ രക്തംപോലെ കൊഴുത്തോട്ടി. അറവുകാരുടെ രാകുളികൊണ്ട് അവയുടെ ഉടല്‍ച്ചീന്ത് ശബ്ദവുംകൂടിയായപ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം വന്നു. എണ്‍പതുവയസുള്ള തെങ്ങുകയറ്റക്കാരന്‍ കേളുമൂപ്പന് ചെറുപ്പത്തിലെ ഈ തെങ്ങുകളെ ഓര്‍മ്മയുണ്ട്. നീണ്ടുനീണ്ട്, ആകാശംതൊട്ട്, കായ്ക്കാതെ, ഓലകള്‍ ശുഷ്‌ക്കിച്ച് വിടരുന്ന, വാര്‍ദ്ധക്യം മണക്കുന്ന പഴയ കൊന്നത്തെങ്ങുകള്‍. മുറിച്ചില്ലെങ്കില്‍ അടുത്ത കാറ്റിന്-അച്ഛന്റെ ഭാഷയില്‍ ഒന്നാംപേജിലെ പത്രവാര്‍ത്തയിലെ സുന്ദരിക്കാറ്റ് ലൈലയില്‍-കടപുഴകുമായിരുന്നവ.

എന്തിന് പ്ലാവ് മുറിച്ചച്ഛാ....?
ഉണങ്ങിപ്പോയി ഉള്ളുണക്കം - നായരുടെ ഗംഭീരമറുപടി.

ആണോ? അല്ല, അല്ലായിരുന്നു. പ്ലാവിനരികില്‍ ചെന്നപ്പോള്‍ മുറിച്ചിട്ട തടിക്കിടയില്‍ ചെറിയ പച്ചമുഴകളുടെ തുടുപ്പ്. വര്‍ഷവളയങ്ങളില്‍ ജീവപ്പച്ചപ്പ്. വേരുകളില്‍ പുതുശിശുക്കളുടെ നിഷ്‌ക്കളങ്കത.

ദേഷ്യംപിടിച്ചാണ് ജോലിക്കുപോയത്. വല്ലാത്ത ദേഷ്യം. വരുന്നു ഒരു ഫോണ്‍. തരൂ നിങ്ങളുടെ സന്ദേശം. പരിസ്ഥിതിദിനമത്രേ. ആഹാ!! എത്ര സുന്ദരം. വയസ്സരെങ്കിലും കൂട്ടുകാരായിരുന്ന തെങ്ങുകളെ വെട്ടിവീണ് മൃതിപ്പെട്ട് കണ്ടപുലര്‍ച്ചയില്‍, അവരെ കെട്ടിപ്പിടിച്ച് വെട്ടാനനുവദിയ്ക്കാതിരിക്കേണ്ടുന്ന ഒരു ശാഠ്യത്തിന്റെ നഷ്ടത്തില്‍, മന്ദബുദ്ധിയായിരിക്കുന്ന ഞാന്‍ തന്നെ പറയണം-മരം ഒരുവരം. ഒരു തൈ പത്തുതൈ. എനിക്ക് ലജ്ജതോന്നി. എന്റെ സന്ദേശം ഒരു നുണയായിരിക്കും.

ഞാന്‍ സത്യംതൊട്ട ഒരു ഹൃദയസന്ദേശത്തെപ്പറ്റി ചിന്തിച്ചു. ചെറുപ്പത്തില്‍ (ഈ ഇരുപത്തിയൊന്‍പത് അവസാനിയ്ക്കുന്ന വലിപ്പത്തിലും) ജഡം-മൃതദേഹം കാണ്‍കെ ആരും മരിയ്ക്കാത്ത ഒരു ലോകത്തിനുവേണ്ടി വിചിത്രമായ ഒരു പ്രാര്‍ത്ഥന ഞാനുണ്ടാക്കിയിരുന്നു. മരത്തിന്റെ മരണവും ആ പ്രാര്‍ത്ഥനയെ ഓര്‍മ്മിപ്പിച്ചു. എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലായിരുന്നു; പക്ഷേ മനുഷ്യര്‍ കേട്ടു. ചത്തുവീണ് മണ്ണില്‍ ചീഞ്ഞളിഞ്ഞമര്‍ന്ന് മണ്ണോ, പുഴുവോ, ചാരമോ ആകുന്ന ജീവനുകള്‍ക്കുപകരം അവന്‍ പ്ലാസ്റ്റിക്ക് നിര്‍മ്മിച്ചു. മരണമില്ലാത്തവന്‍. ചിരഞ്ജീവി- പ്ലാസ്റ്റിക്. അവന്‍ മണ്ണുള്‍പൊത്തുകളില്‍, കായലില്‍, കടലില്‍, മരവേരുകളിലെ ഇടവഴികളില്‍, കുപ്പയോരങ്ങളില്‍, ഉപേക്ഷിക്കപ്പെട്ട ഭൂപ്രദേശങ്ങളില്‍ കാലങ്ങളോളം ചിതറിക്കിടന്നു. എന്തുപറയും? അരുതെന്നോ? പറ്റില്ല... പ്ലാസ്റ്റിക് കുറച്ചുമാത്രം.

വീണ്ടുമുണ്ട് ജഡങ്ങള്‍. ഇ-ജഡങ്ങള്‍. കോടിക്കോടി മൊബൈല്‍ അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ വേസ്റ്റുകള്‍. അഹോ.... ഇ-മൃതദേഹങ്ങള്‍ ഒരിക്കലും സംസ്‌ക്കരിക്കാനാവാത്തവ. ഈശ്വരാ....എന്റെ ലോകം എത്രമലിനപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇന്നത്തെ ദിവസംമുഴുവനും ഞാന്‍ എന്റെ കണ്ണുകള്‍ തുറന്നുവെച്ചുകൊണ്ടുതന്നെനോക്കി. മലിനജലമൊഴുകുന്ന തോടുകള്‍, ഓടകള്‍, വേസ്റ്റടിഞ്ഞ കൊഴിയംപറമ്പുകള്‍, മോഡേണിലെ അഴുകമണമുള്ള ഞെളിയംപറമ്പ്, ബൈപ്പാസ് ഓരത്ത് ഉപേക്ഷിക്കപ്പെട്ട മാലിന്യക്കെട്ടുകള്‍, ജെ സി ബിയുടെ ചെന്നായ്‌വായ് കരണ്ടും മാന്തിയും തിന്നുതീര്‍ത്ത ചെമ്മണ്‍കുന്നുകള്‍.,ചെറിയൊരു വാഹനബ്ലോക്കില്‍ കേട്ട കീ...കീ....പൂ....പൂ..... ശബ്ദംപോലും നമ്മെ എത്ര മലിനപ്പെടുത്തിയിരിക്കുന്നു. അദൃശ്യകിരണംവിടുന്ന മൊബൈല്‍ ടവറുകള്‍, വളവും കീടനാശിനിയും പച്ചപൂശിയ കൃഷിപാടങ്ങള്‍, ചവറുപെറുക്കുന്നവന്റെ കൊട്ടയിലെ അണുമാലിന്യവികരണംവിട്ട് ആളെക്കൊല്ലിയായിരിക്കുന്ന തോറിയംറോഡുകള്‍.

എന്റെ ദൈവമേ.....! എന്റെ ഭൂമിയെപ്പറ്റി ഞാനിതാ ചിന്തിയ്ക്കുന്നു. എന്റെ മണ്ണിനെ, എന്റെ മാനത്തെ, എന്റെ മഴയെ, എന്റെ പുഴയെ, എന്റെ പാതയോരങ്ങളെ, എന്റെ കാറ്റുകളെ, എന്റെ പ്രപഞ്ചത്തെപ്പറ്റി ഞാനിതാ ചിന്തിക്കുന്നു. ഞാനുറപ്പിച്ചു. ഞാനിനി മീന്‍മാര്‍ക്കറ്റിലേക്കും സഞ്ചി കൊണ്ടുപോകും. ഞാനെന്റെ ഇത്തിരിപ്പറമ്പില്‍ തൈകള്‍ നടും, കോളറക്കാലത്ത് വെള്ളം നല്കിയ പൊട്ടക്കിണറോരത്ത് വൃക്ഷവൃദ്ധന്‍ വീണുമരിച്ച ഭൂമുറിവില്‍ ഞാനിനി മരങ്ങള്‍ നടും.

ഞാനിപ്പോള്‍ മറിച്ചു പ്രാര്‍ത്ഥിയ്ക്കുന്നു. എല്ലാവരും മരിക്കട്ടെ. മരിക്കുന്നവരുടെ ഒരുലോകം വരട്ടെ. ഈ മൃതദേഹങ്ങളുടേയും, പ്ലാസ്റ്റിക്കിന്റേയും സംസ്‌ക്കരിക്കപ്പെടാത്ത ഒരു നശിച്ചലോകത്തുനിന്നും മണ്ണിലഴുകുന്ന, ജലത്തിലലിയുന്ന കൃമികീടങ്ങളുടെ ദഹനരസത്തിലാളിത്തീരുന്ന മരണത്തിന്റെ, അങ്ങനെ ഒരു ജീവന്റേയും ഒരുപുതുലോകം വരട്ടെ....

(ഡി വൈ എഫ് ഐ നേതൃത്വത്തില്‍ ഏറ്റെടുക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ വിജയവും ആശംസിക്കുന്നു.)

2 comments:

sameer kavad said...

ഇതൊരു ചരിത്രമാകും തീര്‍ച്ച..!
ഞങ്ങള്‍ അരീക്കോട് വില്ലജ് കമ്മിറ്റിയും വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്

P.aneeshkumar said...

പ്രകൃതിയെയും പരിസ്ഥിയെയും സംരക്ഷിക്കുന്ന സംസ്കാരവും നയങ്ങളും
ഡി വൈ എഫ് ഐ അതിന്‍റെ സമാനതകളില്ലാത്ത സംഘടന സംവിധാനം ഉപയോഗിച്ച് നടപ്പാക്കുന്നത് എങ്ങനെയാണന്നു യൂത്ത് കോണ്‍ഗ്രസ്സും
യൂത്ത് ലീഗും യൂത്ത് ഫ്രെണ്ടും കണ്ടുപഠിക്കുന്നത് നല്ലതാണ്

Post a Comment