MESSAGE


I am extremely happy to be informed that the Democratic Youth Federation of India, Kerala State Committee has decided to observe 5th June, 2010 (World Environment Day) as “Green Day’’ and also celebrate the month of June 2010 as “Environment Conservation Month’’ So as to create awareness among the people on the urgent need to protect our endangered flora and fauna from further degradation and help us to maintain the ecological balance of our environment.
I wish the “Green Day” Programme and the month long environment conservation activities all success.


A K Antony
Minister for Defence, India





പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ബ്ലോഗ് ആരംഭിക്കുന്നുവെന്നറിയുന്നതില്‍ സന്തോഷം.
ആഗോളതാപനത്തിന്റെ ഈ കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നത്തേക്കാളും വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിവിധതരത്തിലുള്ള പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുന്നത് സ്വാഗതാര്‍ഹമാണ്.
ബ്ലോഗിന് എല്ലാ വിജയവും ആശംസിക്കുന്നു.


വി എസ് അച്യുതാനന്ദന്‍
മുഖ്യമന്ത്രി




********************************************************


പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളെയും നിലനില്‍പ്പിനേയും ഉള്‍ക്കൊള്ളാതെ നടത്തുന്ന ഇടപെടലുകള്‍ പ്രകൃതിയുടെ നാശത്തിന് വഴിവെക്കും. അതിലൂടെ പ്രകൃതിയില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുത്ത് ജീവിക്കുന്ന മനുഷ്യരാശിയുടെ നാശത്തിലേക്കും ഇത് നയിക്കും. അതുകൊണ്ട് തന്നെ പരിസ്ഥിതി പ്രശ്‌നം എന്നത് ഗൗരവമായി കണക്കിലെടുക്കേണ്ട ഒന്നാണ്. എന്നാല്‍ പ്രകൃതിയില്‍ ഇടപെടാതെ മനുഷ്യന് മുന്നോട്ട് പോകാനും ആവില്ല. പ്രകൃതിയെ തൊടാന്‍ പാടില്ലെന്ന കേവല പരിസ്ഥിതി വാദം മനുഷ്യന്റെ പുരോഗതിക്ക് തടസം നില്‍ക്കുന്നതാണ്. അതുകൊണ്ട് ഓരോ പദ്ധതിയുടേയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ച് അവ പ്രകൃതിയെ തകര്‍ക്കുന്ന വിധമല്ലെങ്കില്‍ സ്വീകരിക്കുകയും വേണം. ഇന്ന് മുതലാളിത്ത ശക്തികള്‍ പ്രകൃതിയെ അന്ധമായ ചൂഷണത്തിന് വിധേയമാക്കി തകര്‍ക്കുന്ന നില വര്‍ദ്ധിച്ചിരിക്കുകയാണ്. ആഗോളതാപനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഇതിന്റെ ഫലമാണ്. മനുഷ്യരാശിയെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന വിധത്തില്‍ പരിസ്ഥിതി സംബന്ധിച്ച് ഒരു ബ്ലോഗ് ഡി.വൈ.എഫ്.ഐ ഒരുക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്. ഈ സംരംഭം പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച വിപുലമായ ചര്‍ച്ചയ്ക്കും പ്രചരണത്തിനും ഇടയാവട്ടെ എന്ന് ആശംസിക്കുന്നു.
അഭിവാദനങ്ങളോടെ,

പിണറായി വിജയന്‍
സിപിഐ(എം) സംസ്ഥാനസെക്രട്ടറി




********************************************************



ഹരിത ബജറ്റിന്റെ വര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പരിസ്ഥിതി സംരക്ഷണമാസം ആചരിക്കുന്നതിന് തീരുമാനിച്ചതില്‍ സന്തോഷമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന അജണ്ടയില്‍ ഇതോടെ പരിസ്ഥിതി സംരക്ഷണവും മുഖ്യമായ സ്ഥാനം പിടിക്കുകയാണ്. ഈ ഭൂമി ഇന്നുളളവര്‍ക്ക് മാത്രമല്ല, വരും തലമുറകള്‍ക്കും വേണ്ടിയുളളതാണ്. യുവതയെ സംബന്ധിച്ചടത്തോളം അങ്ങനെ പരിസ്ഥിതി സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിലൊന്നായി മാറുന്നു. വൃക്ഷവല്‍ക്കരണം, മലിനീകരണം തടയല്‍, ഊര്‍ജ ദുര്‍വ്യയം ഒഴിവാക്കല്‍ തുടങ്ങിയ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിലെ സാമ്രാജ്യവിരുദ്ധ രാഷ്ട്രീയവും കൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്. നാലു ശതമാനം മാത്രം ജനസംഖ്യയുളള അമേരിക്കയാണ് 29 ശതമാനം കാര്‍ബണ്‍ നിര്‍ഗമനത്തിന്റെയും ഉത്തരവാദിത്വം പേറുന്നത്. അമേരിക്ക പോലുളള സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ അവയുടെ ജീവിതശൈലിയിലും സാങ്കേതിക വിദ്യയിലും വളര്‍ച്ചാ ലക്ഷ്യങ്ങളിലും മാറ്റം വരുത്തിയാലല്ലാതെ പരിസ്ഥിതിസംരക്ഷണം സാധ്യമല്ല. എന്നാല്‍ ആഗോളതാപന വിരുദ്ധ നടപടികളുടെ ഭാരം മൂന്നാംലോകത്തെ വളരുന്ന രാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനാ ണ് അമേരിക്ക ശ്രമിക്കുന്നത്. ഇത് തുറന്നു കാണിക്കേണ്ടതുണ്ട്.



ഡോ.ടി.എം.തോമസ് ഐസക്ക്‌
ധനകാര്യവകുപ്പ് മന്ത്രി



********************************************************
അമ്മഭൂമിയെ സംരക്ഷിക്കുക

നമ്മുടെ ചിന്തയുടെ കേന്ദ്രസ്ഥാനത്ത് ഒട്ടേറെ വിഷയങ്ങളുണ്ട്. തീര്‍ച്ചയായും നമ്മെ അസ്വസ്ഥരാക്കുന്ന പ്രശ്‌നങ്ങളാണ് അതെല്ലാം. ആ കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം.

സംസ്‌കാരത്തിന്റേയും സമ്പദ്‌വ്യവസ്ഥയുടെയുംമേലുള്ള അധിനിവേശങ്ങള്‍, ആഗോളവത്കരണം, കമ്പോള -ഉപഭോഗസംസ്‌കാരത്തിന്റെ വളര്‍ച്ച, മതതീവ്രവാദം, രോഗാതുരയാകുന്ന മാതൃഭാഷ....ഇതെല്ലാം നമ്മുടെ അടിയന്തിരശ്രദ്ധപതിയേണ്ട വിഷയങ്ങള്‍തന്നെ. പക്ഷെ ഭൂമി ക്ഷയിച്ചു കഴിഞ്ഞാലോ ? ഭൂമി ആവാസ യോഗ്യമല്ലാതായാല്‍ പിന്നെ മറ്റെല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു പ്രസക്തിയുമില്ലെന്ന് വരുന്നു.

ആഗോളതാപനം വര്‍ദ്ധിക്കുകയാണ്. ഹിമ പര്‍വ്വതങ്ങളിലെ മഞ്ഞ് ഉരുകി സമുദ്രങ്ങളില്‍ ലയിച്ച് സമുദ്ര നിരപ്പ് ഉയരുകയാണ്. പുഴകളായ പുഴകളെല്ലാം വറ്റിക്കഴിഞ്ഞു. പച്ചക്കുന്നുകള്‍ മൊട്ടക്കുന്നുകളായി മാറി. തണ്ണീര്‍തടങ്ങളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റ് എടുപ്പുകള്‍.... വികസനത്തിന്റെ പേരിലുള്ള അനിയന്ത്രിതമായ വ്യാവസായവല്‍ക്കരണവും മനുഷ്യന്റെ ദുരയുമാണ് ഇന്ന് പ്രകൃതിയെ ഈ അവസ്ഥയിലെത്തിച്ചത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മനുഷ്യവംശത്തിന്റെ നിലനില്പിനെത്തന്നെ അപകടപ്പെടുത്തുകയാണ്.

നീര്‍ക്കെട്ടുകളും കായലുകളും പുഴകളും കണ്ടല്‍ക്കാടുകളും നിറഞ്ഞുകിടക്കുന്ന ഹരിത ഭൂവാണ് കേരളം. കാലാവസ്ഥാ വ്യതിയാനം നമ്മെ ബാധിക്കില്ലെന്നായിരുന്നു ഇതുവരെയുള്ള നമ്മുടെ ധാരണ. പക്ഷേ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നമ്മുടെ കേരളവും ആഗോളതാപനത്തിന്റെ ആഗ്നേയ വലയത്തിനുള്ളില്‍ തന്നെയാണെന്നാണ്.

ഈ അടിയന്തര പ്രശ്‌നത്തെക്കുറിച്ച് ഡിവൈഎഫ്‌ഐ ജാഗ്രതപുലര്‍ത്തുന്നതായി കണ്ട് സന്തോഷിക്കുന്നു. കാല്‍ ലക്ഷത്തോളം വരുന്ന ഡിവൈഎഫ്‌ഐയുടെ യൂണിറ്റുകളില്‍ ഓരോന്നും പത്തുവൃക്ഷതൈകള്‍ വീതം നട്ടുപിടിപ്പിയ്ക്കുകയാണ്. വളരെ ശ്ലാഘനീയമാണ് ഈ സംരംഭം. ആഗോള താപനവര്‍ദ്ധനവിനു പ്രധാന കാരണമായ ഹരിതവാതക വിസര്‍ജനം നിയന്ത്രിയ്ക്കുവാന്‍ ഏറ്റവും ഉചിതമായ വഴി മരങ്ങള്‍ നട്ടുപിടിപ്പിയ്ക്കുക എന്നതുതന്നേയാണ്. അതുകൊണ്ട് എല്ലാ പ്രകൃതി സ്‌നേഹികളും ഡിവൈഎഫ്‌ഐ ഏറ്റെടുത്ത ഈ ദൗത്യത്തെ പിന്തുണയ്‌ക്കേണ്ടതാണ്.

ഡിവൈഎഫ്‌ഐയുടെ സംരംഭത്തിന് ഞാന്‍ ഹൃദയപൂര്‍വ്വം വിജയാശംസകള്‍ നേരുന്നു.

എം മുകുന്ദന്‍

********************************************************
ഭൂമിയെ രക്ഷിക്കുക, അല്ലെങ്കില്‍ മരിക്കുക.

ഭൂമിയുടെ അവകാശി മനുഷ്യന്‍മാത്രമല്ല. ഫോസില്‍ അവശേഷിപ്പിക്കാത്ത മണ്ണിര മുതല്‍ കൂറ്റന്‍ തിമിംഗലങ്ങള്‍വരെയുള്ള ദശലക്ഷക്കണക്കിനുള്ള ജീവികള്‍കൂടിയാണ്. അതിജീവനസമൂഹശ്രേണിയിലെ ഒരു കണ്ണിമാത്രമാണ് മനുഷ്യന്‍. ജീവരാശിയുടെ പൊതുവായ അതിജീവനത്തിലൂടെ മാത്രമേ മനുഷ്യനും നിലനില്പുള്ളൂ. ഭൂമിയെ അശാസ്ത്രീയമായി വെട്ടിപ്പിടിക്കാനും ചൂഷണം ചെയ്യാനും കീഴടക്കാനുമുള്ളതല്ല. അനുഭാവപൂര്‍വ്വമുള്ള പങ്കാളിത്തമാണ് വേണ്ടത്. പൊന്‍മുട്ടയിടുന്ന താറാവിനെ ദുരമൂത്ത് ഒരു ദിവസം കൊണ്ടുകൊല്ലരുത്. പരിസ്ഥിതി സാക്ഷരതയുള്ളവരാണ് പഞ്ചായത്തുതലം മുതല്‍ പാര്‍ലമെന്ററിതലം വരെ ജനനേതാക്കള്‍ ആകേണ്ടത്. പ്രകൃതിയുടെ മേലുള്ള ചെറിയഹിംസപോലും വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്രാണവായൂ വലയത്തിലെ വിള്ളലിനും ഭൗമതാപനപ്രതിഭാസത്തിനും പ്രധാനകാരണം മനുഷ്യസമൂഹത്തിന്റെ പ്രകൃതിവിരുദ്ധ നടപടികള്‍ ആണ്. ഒരു തുള്ളിവെള്ളത്തിനും ഒരു നിമിഷത്തെശ്വാസത്തിനുംവേണ്ടി യുദ്ധം ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്.
ലോകത്തെ സാക്ഷരസമൂഹങ്ങളില്‍ പരിസ്ഥിതിനാശം പൈശാചികമായി വരുത്തുന്നത് കേരളം മാത്രമാണ്. വനനശീകരണം, വയല്‍നികത്തല്‍, മണലൂറ്റല്‍, ചെളിയെടുക്കല്‍, കൃത്രിമ വളത്തിന്റെയും കീടനാശിനിയുടെയും വര്‍ദ്ധിച്ച ഉപയോഗം, പ്ലാസ്റ്റിക്കിന്റെ ധാരാളിത്തം, രാക്ഷസീയമായ കോണ്‍ക്രീറ്റ് വല്‍ക്കരണം, പ്രകൃത്യാലുള്ള കാവുകളും കുളങ്ങളും ഇല്ലാതാക്കല്‍, നിരോധിച്ചമരുന്നുകളുടെ പ്രയോഗം, ഭക്ഷണത്തിലെ മായം, പുറംപോക്കുകളിലെ അവശിഷ്ടക്കൂനകള്‍, പാതയോരങ്ങളിലും കനാല്‍-പാലം പരിസരങ്ങളിലും അന്യസംസ്ഥാനക്കാരായ നാടോടികളുടെ അനാരോഗ്യകരമായ അതിക്രമണം, കൃഷിചെയ്യാതിരിക്കല്‍, കേരളപ്രകൃതിക്കു സഹജമല്ലാത്ത അക്കേഷ്യ, മാഞ്ചിയം, യൂക്കാലി, റബ്ബര്‍ എന്നിവയുടെ ആധിക്യം, വൃത്തികെട്ട ആശുപത്രിപരിസരങ്ങള്‍, കുടിവെള്ളക്ഷാമം തുടങ്ങിയവ കേരളത്തിന്റെ പരിസ്ഥിതി - പ്രതിസന്ധി പ്രകരണങ്ങള്‍ ആണ്.
ഭൂഗര്‍ഭജലസ്‌ത്രോതസ്സുകുറഞ്ഞുവരുന്നതും നദികളുടെ അകാലമരണവും വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണവുമാണ് ഏറ്റവും രൂക്ഷമായ പരിസ്ഥിതിപ്രതിസന്ധി. ഒരിഞ്ചുവനം നശിപ്പിക്കുന്നവരും വിഷപ്പുകവാഹനത്തില്‍ നിന്നുപുറത്തേക്കുവിടുന്ന ആളും പ്ലാസ്റ്റിക്കുവലിച്ചെറിയുന്നവനും മാരകമായ കീടനാശിനി ഉപയോഗിക്കുന്നവനും ജനദ്രോഹിയാണ്. വന്‍കിടഡാമുകള്‍ക്കും അണുനിലയത്തിനും പകരം സൗരോര്‍ജ്ജം പോലെയുള്ള അതിജീവനോര്‍ജ്ജസാദ്ധ്യതകള്‍ ആണ് തേടേണ്ടത്. ജലസ്രോതസ്സുകള്‍ പരിപാലിക്കുക, പുഴകളുടെ ഒഴുക്കുവീണ്ടെടുക്കുക, പുകമലിനീകരണം ഒഴിവാക്കുക, കൊതുകുകളെ നശിപ്പിക്കുക, കൃഷിചെയ്യുക, ഫലവൃക്ഷങ്ങള്‍ നടുക, മതതീവ്രവാദങ്ങള്‍ വെടിയുക.
പ്രിയപ്പെട്ടവരെ ഭൂമിയെ സംരക്ഷിക്കുക, അല്ലെങ്കില്‍ നശിക്കുക. മണ്ണിനെയും മാരിയേയും മരത്തേയും നമ്പി ഊരിനെയും പാരിനേയും വാസയോഗ്യമാക്കുക.

ഡി വിനയചന്ദ്രന്‍


********************************************************


പരിസ്ഥിതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന ഇക്കാലത്ത് വളരെയേറെ പ്രസക്തമായ ഒരുക്യാമ്പയിനാണ് ഡിവൈഎഫ്‌ഐ ഏറ്റെടുത്തിരിക്കുന്നത്. ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം നടുമ്പോള്‍ അത് സ്വജീവിതത്തിന്റെ ഭദ്രതയ്ക്കും വരുംതലമുറകളുടെ നിലനില്‍പ്പിനും വേണ്ടിയാണെന്ന് നാമറിയണം. കാലാവസ്ഥാവ്യതിയാനത്തിന്റേയും ആഗോളതാപനത്തിന്റേയും പുതിയ പരിതസ്ഥിതിയില്‍ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഏറ്റെടുക്കേണ്ടതുണ്ട്. ലോകപരിസ്ഥിതിദിനം ഹരിതദിനമായും, ജൂണ്‍മാസം പരിസ്ഥിതിസംരക്ഷണമാസമായും ഏറ്റെടുക്കാന്‍ തീരുമാനിച്ച് വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന യുവജനക്യാമ്പയിന്‍ ചരിത്രപാഠമാകുമെന്ന് തീര്‍ച്ചയാണ്. അകമഴിഞ്ഞ പിന്തുണയും ഭാവുകങ്ങളും ഞാന്‍ നേരുന്നു.


മുകേഷ്

********************************************************
ഡിവൈഎഫ്‌ഐ കേരളസംസ്ഥാനകമ്മിറ്റി നേതൃത്വത്തില്‍ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഏറെ വിപുലമായി ഏറ്റെടുക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. മനുഷ്യജീവിതം അസാദ്ധ്യമാകുംവിധം ഭൂമി ചുട്ടുപൊള്ളുന്ന അവസ്ഥയിലെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഒരു മാസംനീണ്ടുനില്ക്കുന്ന പരിപാടി ഏറ്റെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഹരിതാഭമാര്‍ന്ന പ്രതലം ഭൂമിയ്ക്ക് നഷ്ടമായതുവഴി ആഗോളതാപനത്തിന്റെ ആഘാതം വര്‍ദ്ധിച്ചിരിക്കുകയാണ് . പ്രകൃതിജന്യ നീര്‍ചാലുകളും മണ്ണിന്റെ ഈര്‍പ്പവും ആവാസവ്യവസ്ഥയും ദാക്ഷിണ്യമില്ലാതെ വര്‍ത്തമാനകാലത്ത് തകര്‍ക്കപ്പെട്ടു. മനുഷ്യസമൂഹം പ്രകൃതിയില്‍സൃഷ്ടിച്ച ഇത്തരം മാറ്റങ്ങള്‍ തിരുത്തപ്പെടുകയെന്നത് ഇന്നത്തെ മാത്രമല്ല ഭാവിയുടെകൂടെ അനിവാര്യതയാകുന്നു. പരിസ്ഥിതിബോധം രാഷ്ട്രീയേതരമായ ഒരു വിഷയമല്ല.
ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. വികസിതരാജ്യങ്ങള്‍ പുറന്തള്ളുന്ന താപവും മാലിന്യങ്ങളും, സൃഷ്ടിക്കുന്ന പാരിസ്ഥിതികപ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം സൃഷ്ടിക്കേണ്ടത് അവികസിത, ദരിദ്ര്യരാഷ്ട്രങ്ങളാണെന്ന ധാര്‍ഷ്ട്യമാണ് കോപ്പന്‍ഹെഗനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ലോകരാഷ്ട്രീയത്തില്‍ സാമ്രാജ്യത്വത്തിനെതിരായ പുതിയ സമരമുഖമാണ് പരിസ്ഥിതിപ്രശ്‌നങ്ങളില്‍ തുറക്കപ്പെട്ടിരിക്കുന്നത്. പ്രകൃതിയെ പരിലാളനപൂര്‍വ്വം, സംരക്ഷിക്കുക എന്നത് സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ മറ്റൊരു തലമാണ് എന്ന ധാരണയോടെ, ഇടപെടാനാവണം. 'പരിസ്ഥിതിയുടെ രാഷ്ട്രീയ'ത്തെ സംബന്ധിച്ച്, നേരത്തെതന്നെ നാം ഏറ്റെടുത്ത പ്രമേയങ്ങളും തീരുമാനങ്ങളും കൂടുതല്‍ ദൃഢതയോടെ ഉയര്‍ത്തിപ്പിടിക്കേണ്ട സംഭവമാണിത്.
ഈ പശ്ചാത്തലത്തില്‍ ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കുമെതിരായ സാദ്ധ്യമായ പ്രതിരോധം സംഘടിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ഡിവൈഎഫ്‌ഐ നിര്‍വ്വഹിക്കുന്നത്. ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം എന്ന പ്രസക്തമായ മുദ്രാവാക്യമുയര്‍ത്തി ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ഹരിതദിനമായും ജൂണ്‍മാസം പരിസ്ഥിതിസംരക്ഷണമാസമായും ആചരിക്കാനുള്ള തീരുമാനത്തിന് പിന്തുണ അറിയിക്കുന്നു. പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ വിജയവും ആശംസിക്കുന്നു.


പി.ശ്രീരാമകൃഷ്ണന്‍
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌





6 comments:

Sreejesh p t said...

i also appreciate the great start of this event against the global warming to save the rights of the future.

sameer kavad said...

മുകേഷിനെ പോലുള്ള കലാ പ്രവര്‍ത്തകരുടെ പിന്തുണ ഈ ചരിത്ര ദൌത്യത്തെ കൂടുതല്‍ ജന ഹൃദയങ്ങളിലേക്ക് വ്യാപിപ്പിക്കും, തീര്‍ച്ച..!

baijumerikunnu said...

നമ്മള്‍ പലതിനെയും കുറിച്ച്
സംസാരിക്കുന്നു
പ്രക്ഷോഭങ്ങള്‍ നടത്തുന്നു
പലപ്പോഴും നാം അധി വസിക്കുന്ന
ഭൂമിയുടെ ചരമ ഗീതികള്‍
പക്ഷെ നാം അധികമൊന്നും
ഗൌനിക്കരുമില
ഇപ്പോള്‍ അങ്ങിനെ ഒരു മുന്നേറ്റം കൂടി
സാധ്യമാകുന്നു എങ്കില്‍
ഏറ്റവും വിപ്ലവകരമായ ഇടപെടല്‍
തന്നെ ആകും അത് \
ഒരു നിര്‍ദേശം
വച്ചു പിടിപ്പിക്കുന്ന മരങ്ങള്‍ സംരക്ഷിക്കെണ്ടതുമുണ്ട്
വീതി കൂട്ടാന്‍ തയ്യാറായി നില്‍ക്കുന്ന
റോഡുകളുടെ വശങ്ങളില്‍
നമ്മള്‍ മരങ്ങള്‍ വക്കരുതെന്നു അഭ്യര്‍ത്ഥിക്കുന്നു

ആശിഷ് മുംബായ് said...

കാലാവസ്ഥാവ്യതിയാനത്തിന്റേയും ആഗോളതാപനത്തിന്റേയും പുതിയ പരിതസ്ഥിതിയില്‍ മഹത്തരമായ ഒരു ക്യാമ്പയിന്‍
ആണ് D Y F I ഏറ്റെടുക്കുനത്‌ ..ഒരു D Y F I പ്രവര്‍ത്തകന്‍ എന്നാ നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു....
എല്ലാ ഭാവുഗങ്ങളും.....

Anonymous said...

പി എസ് ഹരികുമാര്‍ , തിരുവനന്തപുരം.

കാലഘട്ടം നമ്മില്‍ ഏല്‍പ്പിച്ച കര്‍ത്തവ്യമാണ്
ഡി വൈ എഫ് ഐ നേതൃത്വത്തില്‍ നമ്മള്‍ ഏറ്റെടുക്കുന്നത്.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
വിപുലമായ തോതില്‍ ഏറ്റെടുക്കേണ്ടതും വിജയിപ്പിക്കേണ്ടതും
വരും തലമുറയ്ക്ക് വേണ്ടിക്കൂടി നമ്മള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനമാണ്.
യുവജന-വിദ്യാര്‍ഥി - ആണ്‍ - പെണ്‍ ഭേദമില്ലാതെ ഏവരും
ഡി വൈ എഫ് ഐ നേതൃത്വത്തില്‍ ഏറ്റെടുക്കുന്ന ഈ പ്രവര്‍ത്തനത്തില്‍
പങ്കാളികള്‍ ആകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Redink said...

dr sijin.m ponnani

let us try to effective implementation of conservation of padyland & wetland act 2008 in this year of biodiversity-

Post a Comment