കാലാവസ്ഥ വ്യതിയാനത്തിന്റെ രാഷ്ട്രീയമാനം - എം.എ.ബേബി



ഭൂമിയില്‍ ജീവന്‍ ഇനി എത്രകാലം കൂടി നിലനില്ക്കും? ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍ ലോക സമൂഹം ഉയര്‍ത്തുന്ന ചോദ്യമാണ്. ഈ ചോദ്യത്തിന് ചുരുങ്ങിയത്, 500 കോടി വര്‍ഷം കൂടി എന്നാണ് ഉത്തരം പ്രതീക്ഷിക്കേണ്ടത്. കാരണം, സൂര്യന്റെ കാമ്പിലെ ഹൈഡ്രജന്‍-ഹീലിയം അനുപാതം കാണിക്കുന്നത് സൂര്യന്‍ ജ്വലിച്ചുതുടങ്ങിയിട്ട് 500 കോടിയോളം വര്‍ഷങ്ങളായി എന്നും ഇനിയും ഏതാണ്ടത്ര തന്നെ വര്‍ഷം കൂടി ജ്വലിക്കാനുള്ള ഇന്ധനം ശേഷിച്ചിട്ടുണ്ട് എന്നുമാണ്. അതുകഴിഞ്ഞാല്‍ സൂര്യന്‍ ഒരു ചുവപ്പുഭീമനായി വീര്‍ത്തുവരും; ഭൂമിയില്‍ ജീവന്റെ നിലനില്പ് അസാധ്യമാകും. ഇതാണ് ഇന്ന് നമുക്കറിയുന്ന ശാസ്ത്ര സത്യം.


എന്നാല്‍, 500 കോടി വര്‍ഷം പോയിട്ട് 500 വര്‍ഷമെങ്കിലും ഇവിടെ ജീവന്, ഇന്നത്തെ വികസിതരൂപത്തില്‍ നിലനില്ക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമായിരിക്കുന്നു. മനുഷ്യവംശം സ്വയം ഹത്യയ്ക്ക് ഒരുങ്ങുന്നു എന്നാണ് ജൈവശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. സ്വയം നാശം മാത്രമല്ല, ഒപ്പം മറ്റു ജീവജാലങ്ങളുടെ നാശം കൂടി വരുത്തിയേ അടങ്ങൂ എന്ന വാശിയിലുമാണത്രെ അവര്‍.

ഭൂമിയുടെ താപനില ക്രമാതീതമായി ഉയര്‍ത്താതെ നോക്കിയാല്‍ ഭൂമിയില്‍ ജീവന്‍ സുരക്ഷിതമായിരിക്കും. എന്നാല്‍ അക്കാര്യത്തിലാണ് ആപത്ത് നമ്മെ തുറിച്ചു നോക്കുന്നത്. വാഹനങ്ങളുടെ പെരുപ്പം, ഫോസില്‍ ഇന്ധനങ്ങളുടെ വര്‍ദ്ധമാനമായ മറ്റ് ഉപയോഗങ്ങള്‍, വനനാശം എല്ലാം ചേര്‍ന്ന് അന്തരീക്ഷ ഇഛ2-ന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കാനിടയാക്കിക്കൊണ്ടിരിക്കുന്നു. ഭൂരിഭാഗം ജീവജാലങ്ങള്‍ക്കും ഇതു താങ്ങാനാവില്ല. ജലബാഷ്പീകരണ നിരക്കു കൂടുന്നതുകൊണ്ട് ജലസ്രോതസ്സുകള്‍ വറ്റും, മണ്ണുവരളും, കൃഷിനശിക്കും. പുതിയതരം കീടങ്ങളും രോഗാണുക്കളും ഉരുത്തിരിയും. എല്‍-നിനോ പോലുള്ള പ്രതിഭാസങ്ങള്‍ ശക്തമാവുകയും കാറ്റിന്റെ ഗതിയും മഴയുടെ വിതരണവും മാറുകയും ചെയ്യും. ധ്രുവങ്ങളിലെ മഞ്ഞുരുകുന്നതിനാല്‍ കടല്‍ നിരപ്പുയര്‍ന്ന് തീരങ്ങളും ദ്വീപുകളും മുങ്ങും... ആപത്തുകളുടെ ഈ പട്ടിക ഇനിയും നീട്ടാം. അതുകൊണ്ടു കാര്യമില്ല. സമ്പന്നരാജ്യങ്ങളില്‍ ഏറെയും മിതശീതോഷ്ണമേഖലയിലാണ്. അവര്‍ ജീവിതശൈലി മാറ്റാതെ, ഊര്‍ജ ഉപഭോഗം കുറയ്ക്കാതെ, ആര്‍ക്കും രക്ഷപ്പെടാനാവില്ല. ഏറ്റവും കൂടുതല്‍ ദുരിതം ആദ്യമേ വന്നുഭവിക്കുക ദരിദ്രരായ ഉഷ്ണമേഖലാ രാജ്യങ്ങളിലാണ്. നമ്മളും അതില്‍ പെടും. അതുകൊണ്ട് നമ്മള്‍ ശബ്ദമുയര്‍ത്തണം; ദരിദ്രരാജ്യങ്ങള്‍ക്ക് നേതൃത്വം നല്കണം. മുതലാളിത്ത വികസിത രാജ്യങ്ങളുടെ സമീപനം പരിസ്ഥിതി സംബന്ധിച്ച ആഗോള സമ്മേളനങ്ങളില്‍ വ്യക്തമാകുന്നുണ്ട്.

കാലാവസ്ഥാമാറ്റം സംബന്ധിച്ചിട്ടുള്ള കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ പരിണിതി ലോകരാഷ്ട്രങ്ങളില്‍ ആശങ്കയുണര്‍ത്താന്‍ പോന്നതാണ്. ആഗോള താപനത്തെ ചെറുക്കുന്നതിനും ഇതിനു കാരണമായ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമുള്ള നടപടികളെടുക്കുക എന്നുള്ളതായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യം. എന്നാല്‍ നിലനില്‍ക്കുന്ന കരാറുകളേ ഉടമ്പടികളോ പോലും നടപ്പാക്കാന്‍ മുതിരാത്ത വികസിത രാജ്യങ്ങള്‍ക്ക് ഈ ഉച്ചകോടിയേയും പതിവുപോലെ തങ്ങളുടെ വരുതിയിലാക്കാന്‍ കഴിഞ്ഞു.

ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തുവിടുന്നത് വികസിത രാജ്യങ്ങളാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വ്യവസായകവത്കൃതമായ ഇത്തരം രാജ്യങ്ങളില്‍ നിന്നും പുറത്തുവിടുന്ന വാതകങ്ങള്‍ ജീവരാശിയുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന തലത്തിലുള്ളതാണ്. ഇതിനെ ചെറുക്കുന്നതിന് ലോകരാജ്യങ്ങള്‍ ഒത്തുകൂടിയിട്ടാണ് ക്യൊട്ടോ ഉച്ചകോടിയില്‍, ഈ രാജ്യങ്ങളില്‍ നിന്നും പുറത്തുവിടപ്പെടുന്ന വാതകങ്ങളുടെ അളവില്‍ ഘട്ടംഘട്ടമായി കുറവ് വരുത്തണം എന്നു തീരുമാനിച്ചത്.

എന്നാല്‍ കോപ്പന്‍ഹേഗനില്‍ നടന്നത് തികച്ചും പരിഹാസ്യമായ കാര്യങ്ങളാണ്. സാമ്രാജ്യത്വശക്തികള്‍ വളര്‍ത്തിയ വ്യവസായ ഭീമന്മാരുടെയും മറ്റും സമ്മര്‍ദ്ദത്തിനു വഴങ്ങിയിട്ടുള്ള നിലപാടാണ് വികസിതരാജ്യങ്ങള്‍ അംഗീകരിച്ചത്. കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് കാരണക്കാരായ ഈ രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനുള്ള അവികസിതരാജ്യങ്ങളുടെ വാദം ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചത്. തങ്ങളുടെ ആവാസവ്യവസ്ഥകളെയും കാര്‍ഷിക മേഖലയെയുമൊക്കെ ബാധിക്കുന്ന തരത്തില്‍ കാലാവസ്ഥയെ തകര്‍ക്കുന്ന ഇത്തരക്കാരുടെ ചെയ്തികള്‍ക്ക് അറുതിവരുത്തുവാനാവശ്യമായ നടപടികളായിരുന്നു മുഖ്യമായും ഉയര്‍ന്നുവന്നത്.

ഇപ്പോഴത്തെ അവസ്ഥയില്‍ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വഴിതെറ്റിക്കാന്‍ മാത്രമെ കോപ്പന്‍ഹേഗന്‍ ഉച്ചകോടി ഉതകുകയുള്ളൂ. ഇന്ത്യപോലെയുള്ള രാജ്യങ്ങളുടെ പ്രതിനിധികള്‍പോലും ഈ പ്രശ്‌നത്തില്‍ സാമ്രാജ്യത്വ ഇംഗിതത്തിനു വഴങ്ങുന്നത് പ്രശ്‌നത്തിന്റെ തീക്ഷ്ണത വര്‍ദ്ധിപ്പിക്കുന്നു. കുത്തകവത്കരണം ശക്തിപ്പെട്ടിരിക്കുന്ന ഇക്കാലത്ത് കാലാവസ്ഥാവ്യതിയാനം പോലെയുള്ള ജീവരാശിയുടെ പ്രശ്‌നങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണ്. ലോക ജനതയുടെ ആകെ പ്രതിഷേധത്തിന്റെതോത് വര്‍ദ്ധിപ്പിക്കാന്‍ ഈ ഉച്ചകോടി ഹേതുവാകും എന്നു സംശയമില്ല. കുത്തകവത്കരണത്തിനും സാമ്രാജ്യത്വവത്കരണത്തിനും എതിരെ ശക്തമായ ചെറുത്തുനില്‍പ്പ് വളരുന്നതുപോലെ മാനവരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങള്‍ക്ക് മുഖ്യ ഹേതുവായിട്ടുള്ള വികസിത രാജ്യങ്ങള്‍ക്കെതിരെയും പ്രതിഷേധം ഉയരേണ്ടതുണ്ട്. സാമ്രാജ്യത്വ ശക്തികള്‍ ഉയര്‍ത്തുന്ന പരിസ്ഥിതി പ്രതിസന്ധികളുടെ രാഷ്ട്രീയ മാനം തിരിച്ചറിയുകയും അത് ജനങ്ങളുടെ ബോധതലത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് ജീവന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന ഏവരുടെയും കടമയാണ്.



0 comments:

Post a Comment