ഭൂമിക്ക് ചൂടേറുമ്പോള്‍....!

ഭൂമിയോട് ചേര്‍ന്ന പ്രതലത്തിലെ വായുവിന്റയും സമുദ്രത്തിന്റെയും ശരാശരി ഊഷ്മാവില്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഉണ്ടായ വര്‍ദ്ധനയും അതിന്റെ തുടര്‍ച്ചയുമാണ് നാം ആഗോളതാപനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇരുപതാം നൂറ്റാണ്ട് തുടങ്ങി അവസാനിച്ചതിനിടയില്‍ ആഗോള അന്തരീക്ഷഊഷ്മാവില്‍ 0.74 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവുണ്ടായി. കാലാവസ്ഥപഠനത്തിനായി രൂപീകൃതമായ ഇന്റര്‍ ഗവണ്‍മെന്റ് പാനലിന്റെ (ഐ പി സി സി) നിരീക്ഷണത്തില്‍ ആഗോളതാപനത്തിന്റെ പ്രധാനകാരണം മനുഷ്യഇടപെടല്‍ മൂലം അന്തരീക്ഷത്തിലെ ഹരിതഗൃഗവാതകങ്ങളുടെ അളവിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനവാണ്. മനുഷ്യ ഇടപെടലുകളില്‍ പ്രധാനം ഫോസില്‍ ഇന്ധന ഉപയോഗത്തിലെ വര്‍ദ്ധനവും വനനശീകരണവുമാണ്. ഐ പി സി സി നടത്തിയ തുടര്‍ പഠനങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത് ആഗോള ഊഷ്മാവ് ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ 1.1 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 6.4 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കുമെന്നാണ്. ഇത് 4 മുതല്‍ 6 മീറ്റര്‍ വരെ സമുദ്ര നിരപ്പുയരാന്‍ കാരണമാകും. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളുടെ വമനം നാം എത്രകണ്ട് കുറച്ചാലും ആഗോള ഊഷ്മാവിലെ വര്‍ദ്ധനവ് 2100 ശേഷവും തുടരുമെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനകം തന്നെ ചൂടുപിടിച്ച സമുദ്ര ഉപരിതലം തണുക്കാന്‍ വര്‍ഷങ്ങളെ ടുക്കുമെന്നതിനാലും ഇതിനകം പുറത്തുവന്നിട്ടുള്ള കാര്‍ബണ്‍ഡൈയോക്‌സൈഡ് അന്തരീക്ഷത്തില്‍ ദീര്‍ഘകാലം തങ്ങിനില്ക്കുമെന്നതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത്. ചിത്രം 1, അവലംബം www.globalwarming.org.in
ആഗോളതലത്തിലെ അന്തരീക്ഷ ഊഷ്മാവിലുള്ള ഈ വര്‍ദ്ധനവ് സമുദ്രനിരപ്പ് ഉയരുന്നതിനും, അന്തരീക്ഷത്തില്‍ ജലകണങ്ങള്‍ രൂപംകൊള്ളുന്നതില്‍ ഗണ്യമായ മാറ്റം വരുത്തുന്നതിനും മരുപ്രദേശങ്ങളുടെ വികാസത്തിനും കാരണമാകും. മഞ്ഞുമൂടിയ ആര്‍ട്ടിക് പ്രദേശത്താണ് ഊഷ്മാവിലെ വര്‍ദ്ധനവ് കൂടുതലായി അനുഭവപ്പെടുന്നത്, ഇത് ഗണ്യമായ തോതിലുള്ള മഞ്ഞുരുകലിന് കാരണമാകും. അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന ഈ വര്‍ദ്ധനവ് പ്രകൃതി ദുരന്തങ്ങള്‍ക്കും, ജൈവവൈവിധ്യത്തിന്റെ നാശത്തിനും കാര്‍ഷിക വിളകളില്‍നിന്നുള്ള ഉത്പാദനം കുറയുന്നതിനും പകര്‍ച്ച വ്യാധികളുടെ തിരിച്ചുവരവിനുമൊക്കെ കാരണമാകും.

ആഗോള ജനസമൂഹം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയായിത്തന്നെ ഇതിനെക്കണ്ട് ലോകനേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആഗോളതാപനത്തിന്റെ കെടുതികളില്‍ നിന്ന് ഈ ഭൂമിയെ രക്ഷിക്കണമെങ്കില്‍ നാം ഓരോരുത്തരും ചെയ്യേണ്ട പ്രധാനകാര്യങ്ങളിലൊന്ന് ഹരിത ഗ്രൃഹവാതകങ്ങളുടെ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കുക എന്നതാണ്. ഇതുകൂടാതെ നിലവില്‍ അന്തരീക്ഷത്തില്‍ അതികമായി തങ്ങിനില്‍ക്കുന്ന വാതകങ്ങള്‍ വലിച്ചെടുക്കാനുള്ള ഉപാധികള്‍ സ്വീകരിക്കുകയും, ആഗോളതാപനംമൂലം ഉണ്ടായിട്ടുള്ള കെടുതികള്‍ പരിഹരിക്കാവുന്ന സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുന്നത് വരാനിരിക്കുന്ന വന്‍വിപത്തില്‍നിന്ന് ഈ ഭൂമിയെയും ഇവിടുത്തെ ജീവജാലങ്ങളെയും കുറയൊക്കെ രക്ഷിക്കും. ഇതിനായി രാഷ്ട്രത്തലവന്‍മാര്‍ തന്നെ മുന്‍കൈ എടുത്ത് ഉണ്ടാക്കിയ ക്യോട്ടോ ഉടമ്പടി പ്രകാരം ഹരിതഗൃഹവാതകങ്ങളുടെ വമനം കുറയ്ക്കുന്നതിന് ഒരു അന്തര്‍ദേശീയ ധാരണയുണ്ടായിട്ടുണ്ട്.
ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകളില്‍ പ്രധാനികള്‍, നീരാവി, കാര്‍ബണ്‍ഡൈയോക്‌സൈഡ്, മീഥൈന്‍, ഓസോണ്‍, നൈട്രസ്് ഓക്‌സൈഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ മുതലായവയാണ്. അന്തരീക്ഷത്തില്‍ ഇത്തരം വാതകങ്ങളുടെ സാന്നിദ്ധ്യം ഏറുന്നതോടെ അവ ആഗീകരണം ചെയ്തു തുടര്‍പ്രവര്‍ത്തനം നടത്തുന്ന ഇന്‍ഫ്രാ റെഡ് കിരണങ്ങളുടെ പ്രവര്‍ത്തനഫലമായാണ് അന്തരീക്ഷ ഊഷ്മാവുയരുന്നത്. മാനവരാശിയുടെ ഇടപെടല്‍കൊണ്ട് അതും വ്യാവസായിക വിപ്ലവത്തിനുശേഷം, ഇത്തരം ഹരിതഗൃഹവാതകങ്ങളുടെ വമനം വളരെയധികം കൂടിയിട്ടുണ്ട്. 1750 നുശേഷം കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് 36 ശതമാനവും മീഥൈന്‍ അളവ് 148 ശതമാനവുമാണ് വര്‍ദ്ധിച്ചത്. ചിത്രം 2. അവലംബം- www. globalwarming. org.in.
ആഗോളതാപനത്തിന്റയും കാലാവസ്ഥാവ്യതിയാനത്തിന്റെയും പരിണിതഫലങ്ങള്‍ നമ്മുടെ സാമൂഹിക-സാമ്പത്തിക മേഖലകളെയും ആവാസവ്യവസ്ഥയെയും ഭൗതികസാഹചര്യങ്ങളെയും ഗുരുതരമായി ബാധിച്ചുതുടങ്ങി. അന്തരീക്ഷ ഊഷ്മാവുയരുന്നതോടെ മഴയുടെ ലഭ്യതയില്‍ വ്യത്യാസങ്ങളുണ്ടാവുകയും കൊടുങ്കാറ്റുള്‍പ്പെടുള്ള പ്രകൃതിദുരന്തങ്ങള്‍ പ്രവചനാതീതമായി സംഭവിക്കുകയും ചെയ്യും. ഐ പി സി സി യുടെ നിഗമനപ്രകാരം ഉഷ്ണവാതക തിരകള്‍ ഭൂമിയിലുടെനീളം അലയടിക്കുന്നതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ വരള്‍ച്ചബാധിക്കുകയും, സമുദ്രജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്യും. ഐ പി സി സിയുടെ കണ്ടെത്തല്‍ പ്രകാരം ഉത്തരാര്‍ദ്ധഗോളത്തിലും ദക്ഷിണാര്‍ദ്ധഗോളത്തിലും ഇതിനകംതന്നെ മഞ്ഞുപാളികകള്‍ ഉരുകിതുടങ്ങിക്കഴിഞ്ഞു. ഇത് സമുദ്രജലനിരപ്പില്‍ കാര്യമായ മാറ്റത്തിന് വഴിവെച്ചുകൊണ്ട് പ്രതിവര്‍ഷം 0.2 സെന്റീമീറ്റര്‍വരെ ജലനിരപ്പുയരാം. ഐ പി സി സിയുടെ മുന്നറിയിപ്പുപ്രകാരം ആഗോളതാപനം മൂലം യൂറോപ്യന്‍ പര്‍വ്വത മേഖലകളിലെ മഞ്ഞുപാളികള്‍ ഉരുകിയില്ലാതാകുകയും ലാറ്റിനമേരിക്കയില്‍ മഴയുടെ അളവും സമയവും മാറുകയും ചെയ്യുന്നതോടെ മനുഷ്യ ഉപോഭഗത്തിനും കൃഷിക്കുമുള്ളജലത്തിനായി ലോകജനത പരക്കം പായേണ്ടിവരും. ധ്രുവങ്ങളിലാകട്ടെ മഞ്ഞിന്റെ അളവ് അനുദിനം കുറഞ്ഞുവരും. സമുദ്രത്തിലെ വര്‍ദ്ധിച്ചതോതിലുള്ള കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ സാന്നിദ്ധ്യം ജലത്തിലെ അമ്ലാശം വര്‍ദ്ധിപ്പിക്കുന്നതോടെ ജലജീവികളുടെ നാശത്തിനും കാരണമാകും.
കാലാവസ്ഥാവ്യതിയാനം കൃഷിയും ഭക്ഷ്യ ഉത്പാദനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും തകിടം മറിക്കും. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ ഉയര്‍ന്നതോതിലുള്ള സാന്നിദ്ധ്യം, ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ്, കാലം തെറ്റിപെയ്യുന്ന മഴ, കൊടുങ്കാറ്റും മറ്റ് പ്രകൃതിദുരന്തങ്ങളും, പുതുതായി ഉരുത്തിരിയുന്ന കളകളും കീടങ്ങളും രോഗാണുക്കളും എല്ലാം ചേര്‍ന്ന് ഇതിന് കളമൊരുക്കും.
കാലാവസ്ഥാവ്യതിയാനത്തിന്റെ പരിണിതഫലമായുള്ള വിപത്തുകള്‍ നേരിടുന്ന മനുഷ്യസമൂഹത്തിന്റെ ആരോഗ്യരക്ഷയ്ക്കായി നിരവധി മുന്‍കരുതലുകളെടുക്കേണ്ടിവരും. ഇതുവരെയുള്ള കണക്കെടുത്താല്‍ ആഗോളതാപനം വ്യക്തിഗത ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടില്ലെന്ന് കാണാം. എന്നാല്‍ സമീപഭാവിയില്‍തന്നെ നമ്മുടെ ആരോഗ്യം ആഗോളതാപനത്തിന്റെ കെടുതികള്‍ക്ക് വിധേയമാകും. ഇപ്പോള്‍തന്നെ അലര്‍ജി ഉണ്ടാക്കുന്ന പരാഗരേണുക്കളുടെ സാന്നിദ്ധ്യവും പകര്‍ച്ചവ്യാധികളുടെ വാഹകരായ കീടങ്ങളുടെ വര്‍ദ്ധിച്ച തോതിലുള്ള വ്യാപനവും വ്യക്തമായിക്കഴിഞ്ഞു. സമീപഭാവിയില്‍ തന്നെ ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണനക്കിനാളുകളെ പോഷകമൂല്യക്കുറവും, വര്‍ദ്ധിച്ചതോതിലുള്ള അകാലമരണവും, പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള അപകടങ്ങളും, ജലജന്യരോഗങ്ങളും, ഓസോണ്‍ അളവ് വര്‍ദ്ധിക്കുന്നതുകൊണ്ടുള്ള ശ്വാസകോശരോഗങ്ങളും ബാധിക്കുമെന്ന് ഐ പി സി സി മുന്നറിയിപ്പ് നല്കുന്നു. കാലാവസ്ഥാവ്യതിയാനം ശുദ്ധജലത്തിന്റെ അളവില്‍ ഗണ്യമായ കുറവ് വരുത്തുന്നത് ജലജന്യരോഗങ്ങളുടെ വ്യാപനത്തിന് കാരണമാകും.
ആഗോളതാപനവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥാവ്യതിയാനവും മൂലം പ്രകൃതിവിഭവങ്ങളുടെ ലഭ്യതയില്‍ ഗണ്യമായ കുറവ് വരുന്നതോടെ ഇതിനെ ആശ്രയിച്ചു ജീവിയ്ക്കുന്ന ജനസമൂഹം മെച്ചപ്പെട്ട അളവില്‍ പ്രകൃതിവിഭവങ്ങള്‍ ലഭ്യമായ മേഖലകളിലേക്ക് ചേക്കേറും, ഇത് ജനസമൂഹങ്ങള്‍ രാജ്യാര്‍ത്തികള്‍ ഭേദിക്കുന്നതിനും അതുമൂലമുള്ള കാലാപങ്ങള്‍ക്കും കാരണമാകും. ആഗോളതാപനത്തിന്റെ കെടുതികള്‍ കൂടുതലും ബാധിക്കുന്നത് നിലവില്‍ ദാരിദ്ര്യത്തിന്റെ കെടുതികള്‍ ഏറെ അനുഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളെയാണ്. മഞ്ഞുരുകുന്നതോടെ ആര്‍ട്ടിക് മേഖലയും ജലനിരപ്പ് വര്‍ദ്ധിക്കുന്നതോടെ ചെറുദ്വീപുരാജ്യങ്ങളും അപകടത്തിലാകും.

ആഗോളതാപനത്തിന്റെ പരിണിതഫലമായി ജൈവവൈവിധ്യത്തിനേല്‍ക്കുന്ന ആഘാതം പ്രവചനങ്ങള്‍ക്കതീതമാണ്. ആഗോളതാപനം ഈരീതിയില്‍ തൂടര്‍ന്ന് 2100-ാം ആണ്ടോടെ ഊഷ്മാവ് നാല് ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമ്പോള്‍ ഭൂമുഖത്ത് നിന്ന് ഒരു നല്ല ശതമാനം പ്രധാനപ്പെട്ട ജീവജാലങ്ങള്‍ അപ്രത്യക്ഷമാകും. അന്തരീക്ഷതാപനില ഇതിലും ഉയര്‍ത്താന്‍ അത് മാനവരാശിക്കുതന്നെ ഭീഷണിയാകുകയും ഭൂമിയുടെതന്നെ നാശത്തിന് തുടക്കം കുറിക്കുകയും ചെയ്യും.
2009 ല്‍ കേപ്പന്‍ഹേഗനില്‍ കൂടിയ ആഗോള ഉച്ചകോടിയില്‍ ക്യോട്ടോ ഉടമ്പടിയെ അടിസ്ഥാനമാക്കി കാര്‍ബണ്‍ വമനത്തിന് നിയന്ത്രണം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങള്‍ ഹരിതഗൃഹവാതകങ്ങളുടെ വമനത്തിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നെങ്കിലും അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്നരാഷ്ട്രങ്ങള്‍ വാതകം പുറന്തള്ളുന്ന തോതില്‍ കുറവുവരുത്തുന്നതിന് കൃത്യമായ ഉറപ്പുനല്‍കാത്ത ഒരു സാഹചര്യമാണുണ്ടായത്. ഇക്കാലമത്രയും ഭീമമായ തോതില്‍ ഹരിത ഗൃഹവാതകങ്ങള്‍ പുറന്തള്ളിയ സാമ്പന്നരാഷ്ട്രങ്ങള്‍ അതിന്റെ കെടുതികള്‍ അനുഭവിക്കുന്ന ദരിദ്രരാജ്യങ്ങള്‍ക്കുവേണ്ടിയും തങ്ങള്‍ക്ക് വേണ്ടിത്തന്നെയും ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറാകാതെയിരുന്നത് വലിയവിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
നാം അതിവസിക്കുന്ന ഭൂമിപൂര്‍ണ്ണമായും മാറിക്കഴിഞ്ഞു. അല്ലെങ്കില്‍ നമ്മുടെ അതിരുകള്‍ ഭേദിച്ച ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വര്‍ഗ്ഗതുല്യമായ നമ്മുടെ ഭൂമിയെ നാം നരകതുല്യമാക്കി. വളരെ വൈകിയാണെങ്കിലും വിവേകം ഉദിച്ചപ്പോള്‍ ഈ സുന്ദരഭൂമിയെ തിരികെ നേടാന്‍ ശ്രമിക്കുന്നതിനെക്കാള്‍ പ്രാധാന്യം ഭൂമിയെ വികൃതവും വികലവും ആക്കിയതിനുള്ള കുറ്റം ആരുടെതലയില്‍ കെട്ടിവയ്ക്കാം എന്നതിനെക്കുറിച്ചായി. അവിടെയും ഭൂമിയിലെ രാജാക്കന്‍മാര്‍ അധിവസിക്കുന്ന സമ്പന്നരാജ്യങ്ങള്‍ക്ക് ദരിദ്രനാരായണന്‍മാരുടെ അവികസിത ലോകത്തിന് നേരെ കുറ്റാരോപണത്തിന്റെ വിരല്‍ചൂണ്ടാനേകഴിഞ്ഞിട്ടുള്ളൂ. ഒടുവില്‍ അവികസിത ലോകത്തെ ദരിദ്രന്റെ രോഷം തങ്ങള്‍ക്ക് നേരെ ഉയരുമെന്ന് വന്നപ്പോള്‍മാത്രമാണ് ഈ ഭൂമിയെ വിഷലിപ്തമാക്കിയതിന്റെ ഉത്തരവാദിത്വം ഭാഗികമായെങ്കിലും ഏറ്റെടുക്കാന്‍ വികസിത രാജ്യങ്ങളിലെ തമ്പ്രാക്കന്മാര്‍ തയ്യാറായത്.
ഉത്തരവാദിത്വം ആര് ഏറ്റെടുത്താലും ഇല്ലെങ്കിലും കാലാവസ്ഥവ്യതിയാനം ഒരു യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. അതായത് നമ്മുടെ ഭൂമിയുടെ ഊഷ്മാവും, അതിന്റെ നിറവും, മണവും എല്ലാം മാറിക്കഴിഞ്ഞു. ലോകത്തെമ്പാടുമുള്ള ജനസമൂഹം ആഗോളതാപനത്തിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിച്ചുതുടങ്ങി. ഭൂമിയുടെ ഊഷ്മാവ് ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ അതിനിയും വര്‍ദ്ധിക്കാതെ ഭൂമിയുടെ സന്തുലിതാവസ്ഥനിലനിര്‍ത്തേണ്ട ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. അരാണിതിന് തുടക്കമിട്ടതെന്നതിന് തെളിവുകള്‍ തേടേണ്ടകാര്യമില്ല. വ്യവസായിക യുഗത്തിന്റെ ആരംഭത്തോടെ സമ്പന്നരാഷ്ട്രങ്ങള്‍ ഭീമമായ അളവില്‍ പുറന്തള്ളിയ കാര്‍ബണ്‍ഡൈഓക്‌സൈഡും മറ്റ് ബന്ധപ്പെട്ട ഹരിതഗൃഹവാതകങ്ങളുമാണ് ആഗോളഭൗമതാപനത്തിന് തുടക്കം കുറിച്ചതെന്ന് ഇന്ന് സംശയാതീതമായി തെളിഞ്ഞ് കഴിഞ്ഞു.
കഴിഞ്ഞ നൂറ്റിഅമ്പതുവര്‍ഷത്തെ കാലാവസ്ഥാപരിശോധിക്കുമ്പോള്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷമാണ് ഏറ്റവും ചൂടുകൂടിയകാലമായി ഗവേഷകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനം എല്ലാവരേയും ബാധിക്കുമെന്നുള്ളത് ആഗോളസമൂഹത്തെ ജാഗരൂകരാക്കിയിട്ടുണ്ട്. പാവപ്പെട്ടവനെയും പണക്കാരനെയും കറുത്തവനെയും വെളുത്തവനെയുമൊക്കെ അത് ബാധിക്കുമെന്നുള്ളത് പരമമായ സത്യമായി അവശേഷിക്കുന്നു. എന്നാല്‍ ലോകത്ത് ദാരിദ്ര്യത്തിന്റെ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ ആഗോളതാപനത്തിന്റെ ദുരിതം കൂടിപേറേണ്ടിവരുമ്പോള്‍ അവര്‍ വറചട്ടിയില്‍നിന്ന് എരിതീയിലെത്തുന്ന അവസ്ഥയിലാകും. വികസിത-വികസ്വര രാജ്യങ്ങളിലെ വ്യവസായം, ജീവനോപാധികള്‍, കൃഷി, പൊതുജനാരോഗ്യം, എല്ലാംതന്നെ വരള്‍ച്ചയും, മാരകരോഗങ്ങളും കാലാവസ്ഥാകെടുതികളുംകൊണ്ട് തകര്‍ന്നടിയും.
ആഗോളതാപനവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥാവ്യതിയാനവും ഒട്ടും നീതീകരിക്കാനാകാത്ത വിധത്തിലാണ് ലോകസമൂഹത്തെ ബാധിക്കുന്നത്. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങള്‍ ഏറ്റവും കുറഞ്ഞ അളവില്‍ (ഏകദേശം 0.6 ശതമാനം മാത്രം) പുറത്തുവിടുന്ന പസിഫിക് മേഖലയിലെ രാജ്യങ്ങളാണ് കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികള്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ അനുഭവിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് താഴെകിടക്കുന്ന ഈ രാജ്യങ്ങള്‍ ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതോടെ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും. ഈ യാഥാര്‍ത്ഥ്യം വളരെ വ്യക്തമായി തന്നെ ലോകസമൂഹം മനസ്സിലാക്കിയെങ്കിലും അമേരിക്കയും ആസ്‌ട്രേലിയയും ഉള്‍പ്പെടെയുള്ള പരിസ്ഥിതി കുറ്റവാളികള്‍ ഇപ്പോഴും ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന അളവില്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിട്ട് ഈ സുന്ദരഭൂമിയെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. സാമ്പത്തികവും സൈനികവുമായി ശക്തരായ ഇത്തരം രാജ്യങ്ങളുടെ അമിത ഉപഭോഗാസക്തിക്ക് അറുതിവരുത്തി ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഗണ്യമായ തോതില്‍ കുറച്ചെങ്കില്‍മാത്രമെ ലോകത്തെ അശക്തരായ സാധാരണ പൗരന്മാര്‍ക്ക് നീതിലഭിക്കൂ.
നമ്മുടെ ഭൂമിയുടെ ഹരിതാഭയും കുളിര്‍മ്മയും നിലനിര്‍ത്താന്‍ നമ്മള്‍ തന്നെ വിചാരിച്ചാലെ സാധിക്കൂ. ഇന്ന് നമ്മള്‍ ഭൂമിയില്‍ അധിവസിച്ചുകൊണ്ട് കാട്ടിക്കൂട്ടുന്ന താന്തോന്നിത്ത നാളെ നമ്മുടെ ഭൂമിയുടെ അവസ്ഥനിര്‍ണ്ണയിക്കുന്നത്. മുന്‍കരുതലില്ലാതെ തിന്നും കുടിച്ചും, പ്രകൃതിവിഭവങ്ങള്‍ ധൂര്‍ത്തടിച്ചും സുഖലോലുപതയ്ക്ക് മുന്‍തൂക്കം നല്കി ആര്‍ത്തുല്ലസ്സിച്ച് ഭൂമിയെ ചവിട്ടിമെഭീകരാവസ്ഥയില്‍ പ്രതിഫലിക്കുന്നത് വികസ്വര രാജ്യങ്ങളിലായിരിക്കും. ഇത് അത്തരം രാജ്യങ്ങളിലെ ജനങ്ങളുടെ ക്രയശേഷി ദുര്‍ബലപ്പെടുത്തുന്നതോടെ ആഗോളകച്ചവടഭീമന്മാര്‍ക്ക് കമ്പോളത്തില്‍ കനത്തതിരിച്ചടി നേരിടേണ്ടിവരും.
ഹരിതഗൃഹവാതക വമനം മുപ്പത്ശതമാനം കണ്ട് കുറയ്ക്കാമെന്ന വ്യാവസായവത്കൃത രാഷ്ട്രങ്ങളുടെ പ്രഖ്യാപനം അര്‍ത്ഥശൂന്യമാണ്. 2050 - 2070-ാം ആണ്ടോടെ വമനം എണ്‍പതുശതമാനം കുറയ്ക്കാമെന്ന വികസിതരാഷട്രങ്ങളുടെ തുടര്‍പ്രഖ്യാപനത്തിലും തീരെ കഴമ്പില്ല, കാരണം ഊര്‍ജ്ജിത ദാരിദ്ര്യനിര്‍മ്മാജനത്തിന്റെ ഭാഗമായി ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍പുറന്തള്ളലിന്റെ തോത് 2050 ആകുമ്പോഴേക്കും ഇന്നുള്ളതിനേക്കാള്‍ വര്‍ദ്ധിക്കാനാണ് സാധ്യത.
നമുക്ക് മുന്നില്‍ ഒരു ചോദ്യമേ അവശേഷിക്കുന്നുള്ളൂ. ആവശ്യാനുസരണം പ്രകൃതിയില്‍ ലഭ്യമായിട്ടുള്ള വിഭവങ്ങള്‍ പങ്കുവെച്ച് ഭൂമിയിലെ മണ്ണും ജലവും മലിനപ്പെടുത്താതെ സമ്പുഷ്ടമായ ജൈവവൈവിധ്യത്തിന് പോറലേല്‍പ്പിക്കാതെ ശാന്തമായി ജീവിക്കണോ അതോ ഒരിക്കലും ഒടുങ്ങാത്ത മോഹങ്ങളുമായി മണ്ണും ജലവും മലിനമാക്കി ഭൂമിയുടെ ഹൃദയം വെട്ടിപ്പിളര്‍ന്ന് ഭൂമിക്ക് ചരമഗീതം പാടണോ? ഈ ചോദ്യം മനസ്സിലേറ്റി ശരിയായ ഉത്തരം നല്‍കേണ്ടത് എന്റയോ നിങ്ങളുടെയോ മാത്രം കടമയല്ല, ഈ ഭൂമിയില്‍ അധിവസിക്കുന്ന എല്ലാ മനുഷ്യരുടെയും ഉത്തരവാദിത്വമാണ്. ചൂടേറിയ ഭൂമിയെ ഇനിയും പരുക്കേല്‍പ്പിക്കാതെ സംരക്ഷിക്കാന്‍ നമുക്കുരുമിച്ച് നീങ്ങാം.





0 comments:

Post a Comment